ന്യൂഡൽഹി: ഭരണഘടനയുടെ കോപ്പി നെഞ്ചോടു ചേർത്തുപിടിച്ച്, പ്രക്ഷോഭപാതയിൽ പ്രതിരോധത്തിന്റെ ഉറച്ച കോട്ടയായി വയനാട് എംപി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയെ പൊലിസ് പെട്ടെന്നുതന്നെ കസ്റ്റഡിയിലെടുത്തെങ്കിലും റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രിയങ്കയെ നീക്കാനാകാതെ പൊലിസ് മണിക്കൂറുകളോളം വട്ടംകറങ്ങി.
മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം റോഡിലിറങ്ങി നിന്ന പ്രിയങ്കയ്ക്കു ചുറ്റും പ്രവർത്തകർ വലയം തീർത്തു. ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ ബാരിക്കേഡിനു മുകളിൽ കയറി പ്രസംഗിച്ച് ആവേശം വിതറിയ പ്രിയങ്ക, ഒട്ടും ചോരാത്ത പോരാട്ട വീര്യത്തോടെയാണ് ഇന്നലെയും സമരമുഖത്തിറങ്ങിയത്.
രാഹുൽ ഗാന്ധിക്കു പിന്നാലെ പ്രിയങ്കയെയും കസ്റ്റഡിയിലെടുക്കാൻ വനിതാ പൊലിസ് സംഘമെത്തിയെങ്കിലും മഹിളാ കോൺഗ്രസ് നേതാക്കൾ അതിശക്തമായി പ്രതിരോധിച്ചു. ഒടുവിൽ പൊലിസുകാർ ബലംപ്രയോഗിച്ച് പ്രവർത്തകരെ നീക്കിയശേഷമാണു പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്.
പൊലിസ് വാഹനത്തിലേക്ക് മാറ്റുമ്പോഴും ഭരണഘടനയുടെ പകർപ്പ് നെഞ്ചോടുചേർത്തുപിടിച്ച പ്രിയങ്ക, ജനലിലൂടെ അതു പുറത്തേക്ക് ഉയർത്തിക്കാണിച്ചുകൊണ്ടിരുന്നു.
പ്രതിഷേധത്തിനിടെ പൊലിസുകാർ തന്നെ ബലമായി തള്ളിയിട്ടെന്നും ശരീരത്തിൽ പോറലേറ്റതായും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിൽ പങ്കെടുത്ത തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കും പ്രതിഷേധത്തിനിടെ പരിക്കേറ്റു.